കോന്നി: അരുവാപ്പുലം അക്കരക്കാലപ്പടിയില് കാട്ടാനകള്‍ കൃഷിയിടങ്ങള്‍ നശിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് ജനവാസ മേഖലയില്‍ കാട്ടനാക്കൂട്ടം നാശം വിതച്ചത്. കാര്‍ഷികവിളകളായ വാഴ, മരച്ചീനി, റബര്‍, കമുക്, തെങ്ങ് എന്നിവയാണ് വ്യാപകമായി നശിപ്പിച്ചത്. വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടും ഇതേവരെയും സ്ഥലം സന്ദര്‍ശിക്കുകയോ നാശനഷ്ടങ്ങള്‍ വിലയിരുത്തി കര്‍ഷകര്‍ക്കു നഷ്ടപരിഹാരം കൊടുക്കുന്നതിനുള്ള മേല്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കുറേ മാസങ്ങളായി കല്ലേലി, അരുവാപ്പുലം മേഖലകളില്‍ ആന ശല്യം രൂക്ഷമാണ്. കാട്ടാനകള്‍ ദിവസേന വീടുകള്‍ക്ക് സമീപംവരെ എത്തി കൃഷി നശിപ്പിക്കുകയാണ്. വനം വകുപ്പും പ്രാദേശിക ഭരണകൂടവും കേന്ദ്രസര്‍ക്കാരിനെയും കേന്ദ്രനിയമത്തേയും പഴിചാരി ഇരിക്കാതെ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ഐക്യ കര്‍ഷക സംഘം പത്തനംതിട്ട ജില്ലാ ട്രഷറര്‍ സന്തോഷ് ആവശ്യപ്പെട്ടു. കര്‍ഷകസംഘം സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജോണ്‍സ് യോഹന്നാൻ, ബിന്ദു വിദ്യാധരന് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
അരുവാപ്പുലം പഞ്ചായത്തില്‍പ്പെട്ട അക്കരക്കാലപ്പടിയിലും കല്ലേലിയിലും വന്യമൃഗങ്ങള്‍ മനുഷ്യജീവനും സ്വത്തിനും ഉണ്ടാക്കുന്ന ഭീഷണിക്ക് അറുതിവരുത്താന്‍ വനം വകുപ്പും സര്‍ക്കാരും നടപടി സ്വീകരിപ്പിക്കണമെന്ന് നാട്ടുക്കാര് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു അനുകൂല നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. വനഭാഗങ്ങളില്നിന്നും വിദൂരത്തിലുള്ള ജനവാസ മേഖലകളിലെത്തുന്ന വന്യമൃഗങ്ങളെ തടയാന്‍ അധികൃതര്‍ യാതൊരു നടപ്പടിയും സ്വീകരിച്ചിട്ടില്ല. പ്രധാന പാതകളില്‍ ഉള്‍പ്പെടെ അരുവാപ്പുലം പഞ്ചായത്ത് പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുകയാണ്. അരുവാപ്പുലം അക്കരക്കാലപ്പടിയില് ആന നശിപ്പിച്ച കൃഷിയിടം.